കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ധനസഹായം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി നിക് ഉട്ട്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായത്തിന് വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടിന്റെ അഭ്യര്‍ഥന. ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ നിക് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പി.ആര്‍.ഡി. തയ്യാറാക്കുന്ന ലഘുചിത്രത്തിനു വേണ്ടി സഹകരിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം കേരള സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം സംസ്ഥാനത്ത് എത്തിയിരുന്നു. അന്ന് കണ്ട പല പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയത് ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് നിക് പറഞ്ഞു. കേരളത്തിന്റെ ആതിഥേയ മര്യാദകളും ഭൂപ്രകൃതിയും വലിയ മതിപ്പുളവാക്കി. ധാരാളം കേരളീയ ചിത്രങ്ങള്‍ മനസിലും ക്യാമറയിലും പകര്‍ത്തിയാണ് അന്ന് മടങ്ങിയത്. കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷമത്തിന് തന്നാലാകുന്ന സഹായം ചെയ്യുമെന്നും നിക് ഉട്ട് അറിയിച്ചു.

ലെയ്ക കമ്പനിയുടെ കൈവശമുള്ള നിക് ഉട്ട് ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ലെയ്ക ക്യാമറകമ്പനിയുടെ ഏഷ്യ പസഫിക് മേഖല മേധാവി സുനില്‍ കൗള്‍ പറഞ്ഞു.

വിയറ്റ്നാം യുദ്ധഭീകരത ലോകത്തെ ബോധ്യപ്പെടുത്തിയ നാപ്പാം ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് നിക് ലോകശ്രദ്ധ നേടുന്നത്. പുലിറ്റ്സര്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അസോസിയേറ്റ് പ്രസിന്റെ ഫോട്ടോഗ്രാഫറായി ദീര്‍ഘകാലം അമേരിക്കയില്‍ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ വര്‍ഷം വിരമിച്ചു.

Top