നിജ്ജാറിന് പൗരത്വം നൽകിയത് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ; സംശയ നിഴലിൽ കാനഡ

ഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഹര്‍ദീപ് സിങിന് കാനഡ പൗരത്വം നല്‍കിയത് ഇയാളെ പിടികൂടാനായി ഇന്റര്‍പോള്‍ വഴി ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയെന്ന് വെളിപ്പെടുത്തല്‍. ഏറെക്കാലമായി തീരുമാനമെടുക്കാതിരുന്ന പൗരത്വ അപേക്ഷയിലാണ് കാനഡ പെട്ടെന്ന് നടപടിയെടുത്തതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നിജ്ജാറിനെതിരെ 2014ല്‍ ആയിരുന്നു ആദ്യത്തെ റെഡ് കോര്‍ണര്‍ നോട്ടിസ്. പിന്നീട് 2016ലും പുറപ്പെടുവിച്ചു. ഇയാള്‍ക്കു പൗരത്വം നല്‍കിയത് 2015ല്‍ ആണ് എന്നാണ് കാനേഡിയന്‍ മന്ത്രി പറഞ്ഞത്. ഇതു വിവാദമായതോടെ 2007ല്‍ നിജ്ജാറിനു പൗരത്വം കിട്ടിയതായി തിരുത്തി. ഇതു സംശയകരമാണെന്ന നിലപാടിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍. കൂടാതെ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് ഒരു രാജ്യം ചെയ്യേണ്ടത്. എന്നാല്‍, കാനഡ മറിച്ചാണു ചെയ്തതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

2014 നവംബര്‍ 14നാണ് നിജ്ജാറിനെതിരെ ആദ്യ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയത്. ഇതിനു മാസങ്ങള്‍ക്കുശേഷം ഇയാള്‍ക്കു കാനഡ പൗരത്വം നല്‍കിയത് എങ്ങനെയാണെന്ന് ഇന്ത്യ ചോദിക്കുന്നു. ”2015 മാര്‍ച്ച് 3ന് നിജ്ജാര്‍ കനേഡിയന്‍ പൗരനായിരുന്നു. അദ്ദേഹം കാനഡക്കാരനല്ലെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതാണ്.” എന്നാണ് എമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ ചൊവ്വാഴ്ച സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്. 2007 മേയ് 25നു നിജ്ജാര്‍ കനേഡിയന്‍ പൗരനായെന്നും മുന്‍പു പറഞ്ഞതു തന്റെ പിഴവാണെന്നും മില്ലര്‍ പിന്നീടു തിരുത്തി.

‘രവി ശര്‍മ’ എന്ന വ്യാജ പാസ്‌പോര്‍ട്ടുമായി 1997 ഫെബ്രുവരി പത്തിനാണു നിജ്ജാര്‍ ടൊറന്റോയില്‍ എത്തിയത്. അഭയാര്‍ഥിയായി പരിഗണിക്കണമെന്ന് 1998 ജൂണില്‍ അപേക്ഷിച്ചപ്പോള്‍ കാനഡ നിരസിച്ചു. തന്നെ സ്‌പോണ്‍സര്‍ ചെയ്ത സ്ത്രീയെ ആ വര്‍ഷം നവംബറില്‍ ഇയാള്‍ വിവാഹം ചെയ്തു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ കാനഡയിലെ തലവനായ നിജ്ജാര്‍ ജൂണിലാണു യുഎസ്- കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തയാളാണ് നിജ്ജാര്‍.

Top