നിജിൽ ദാസിന് വീട് വാടകയ്ക്ക് നൽകിയതെന്നു രേഷ്മ; ഇരുവരും തമ്മിൽ മുൻപരിചയമെന്ന് പൊലീസ്

പിണറായി∙ ഹരിദാസ് വധക്കേസിലെ മുഖ്യപ്രതി നിജിൽ ദാസ് രണ്ടു മാസമായി ഒളിവിലായിരുന്നു. ഈ മാസം 17നാണ് ഇയാൾ പാണ്ട്യാല മുക്കിലെ രയരോത്ത് പൊയിൽ എന്ന വീട്ടിൽ വാടകയ്ക്ക് എത്തിയതെന്നാണു പൊലീസ് കരുതുന്നത്. സിപിഎം അനുഭാവിയായ വീട്ടുടമ പ്രശാന്ത് വിദേശത്താണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ ഈ വീട്ടിലെത്തി നിജിൽ ദാസിനെ പിടികൂടിയ പൊലീസ് പിന്നീട് പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മ(42)യെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ രേഷ്മയെ റിമാൻഡ് ചെയ്തു

രേഷ്മയും കുട്ടികളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. അടച്ചിട്ടിരുന്ന വീട് നിജിലിന് വാടകയ്ക്കു നൽകിയതാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. നിജിൽ ദാസുമായി രേഷ്മയ്ക്കു നേരത്തേ പരിചയമുണ്ടെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. അധ്യാപികയായ രേഷ്മ സ്‌കൂളിലേക്കു പതിവായി പോയിരുന്നത് നിജിൽ ദാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണെന്നാണു പൊലീസ് പറയുന്നത്. ഇയാൾക്ക് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. രയരോത്ത് പൊയിൽ വീട്ടിൽ എത്തുന്നതു വരെയുള്ള ദിവസങ്ങളിൽ എവിടെയായിരുന്നു നിജിൽ ദാസ് താമസിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

സൈബർ ടീമിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. രാത്രി നിജിൽ ഭാര്യയുമായി വാട്‌സാപ്പിൽ ബന്ധപ്പെടുന്നതു ശ്രദ്ധയിൽപെട്ട പൊലീസ് ഭാര്യയുടെ ഫോൺ പരിശോധിച്ചു. ഇതേ തുടർന്നാണു പ്രതി വലയിലായത്. കേസിലെ 14 ാമത്തെ പ്രതിയാണ് നിജിൽ. 2 പേർ കൂടി പിടിയിലാവാനുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്.

Top