നിഹാലിനെ ആക്രമിച്ചത് നായ്ക്കൂട്ടം, മരണകാരണം കഴുത്തിലേറ്റ മുറിവ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാല്‍ നൗഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ കഴുത്തിലെ ഞെരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച രാത്രിയാണ് 11 വയസ്സുകാരനായ മുഴപ്പിലങ്ങാട് കെട്ടിനകത്ത് ‘ദാറുല്‍ റഹ്‌മ’യിലെ നിഹാല്‍ തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ ശരീരം മുഴുവന്‍ തെരുവുനായകള്‍ കടിച്ചുപറിച്ചിരുന്നു. നിഹാലിനെ ഒന്നിലധികം നായകള്‍ വലിച്ചിഴച്ച് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നരമണിക്കൂറെടുത്താണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഓട്ടിസം ബാധിച്ച നിഹാലിന് സംസാരശേഷി കുറവായിരുന്നു. വൈകുന്നേരം മുതല്‍ കാണാതായ നിഹാലിനെ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു. കുട്ടികളെ വിദ്യാലയങ്ങളില്‍ കൊണ്ടുപോകുന്നത് രക്ഷിതാക്കളാണ്. ഇക്കാര്യങ്ങളില്‍ പ്രശ്‌നപരിഹാരം ആവശ്യമാണെന്നും വീട്ടമ്മമാര്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.

Top