ഇടുക്കിയിലെ നിശാപാര്‍ട്ടി; കോണ്‍ഗ്രസ് നേതാവടക്കം അഞ്ചുപേര്‍ കൂടി പിടിയില്‍

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവടക്കം അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. ആകെ 47 പേര്‍ക്കെതിരെയാണ് കേസ്. സേനാപതി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് ഇന്ന് അറസ്റ്റിലായത്.

വിഷയത്തില്‍ മന്ത്രി എം എം മണിക്കും സിപിഎമ്മിനുമെതിരെ കെപിസിസി അടക്കം ആരോപണം ഉന്നയിച്ചതിനിടെയുള്ള പാര്‍ട്ടി നേതാവിന്റെ അറസ്റ്റ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാര്‍ട്ടി നടത്തിയത് വന്‍ വിവാദമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരമൊക്കെയുള്ള പാര്‍ട്ടി. സംഭവം വിവാദമായതോടെ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ടിന് ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.

രാജാപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. തണ്ണിക്കോട്ട് മെറ്റല്‍സ് റവന്യു വകുപ്പ് അടപ്പിക്കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാത്ത ക്രഷര്‍ തുറന്നതിനെ തുടര്‍ന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റല്‍സ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top