‘പൊതുയിടം എന്റേതും’; നിര്‍ഭയ ദിനത്തില്‍, നിര്‍ഭയം തെരുവിലേക്കിറങ്ങി വനിതകള്‍

തിരുവനന്തപുരം: സ്ത്രീകള്‍ ശക്തരാണെന്ന് തെളിയിച്ച പാതിരാ നടത്തത്തില്‍ അണിനിരന്നത് എണ്ണായിരത്തോളം പേര്‍. നിര്‍ഭയ ദിനത്തില്‍ ‘സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതു’മെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുവതികള്‍ തെരുവിലിറങ്ങിയത്.

സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ് സംസ്ഥാനമൊട്ടാകെ രാത്രി നടത്തം സംഘടിപ്പിച്ചത്. 100 കേന്ദ്രങ്ങളിലായി രാത്രി 11 മുതല്‍ ഒരുമണിവരെയായിരുന്നു സ്ത്രീകള്‍ നടക്കാന്‍ ഇറങ്ങിയത്.

ഏറ്റവുമധികം യുവതികള്‍ പരിപാടിയില്‍ പങ്കാളികളായത് തൃശ്ശൂര്‍ ജില്ലയിലാണ്. തൃശ്ശൂരില്‍ 47 ഇടങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലായിരുന്നു. ആലപ്പുഴ 23, കൊല്ലം -മൂന്ന്, പത്തനംതിട്ട 12, പാലക്കാട് 31, കോഴിക്കോട് -ആറ് , കണ്ണൂര്‍ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രാത്രിനടത്തത്തിന്റെ സ്ഥലങ്ങള്‍.

തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പൊതുയിടത്തിന്റെ പ്രധാന കേന്ദ്രം. സാമൂഹികനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.

വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് പരിപാടി സംഘടിപ്പിച്ചത്.

നടത്തത്തെ ‘ സ്വാതന്ത്ര്യം കിട്ടിയത് പോലെ’ എന്നാണ് തിരുവനന്തപുരത്തെ ഒരു പെണ്‍കുട്ടി വിശേഷിപ്പിച്ചത്. നടക്കാന്‍ ഇറങ്ങിയവര്‍ക്ക് വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ഉദ്ഘാടന ദിവസം മുന്‍കൂട്ടി അറിയിച്ച കേന്ദ്രങ്ങളിലാണ് സ്ത്രീകള്‍ നടന്നത്. പൊലീസിന്റെയും മറ്റ് വകുപ്പുകളുടെയും വോളന്റിയര്‍മാരുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.

അതേസമയം രാത്രി നടത്തത്തില്‍ ചില ഓട്ടോ ഡ്രൈവര്‍മാര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയും ഉണ്ടായിട്ടുണ്ട്. കോട്ടയത്താണ് സംഭവം. മാത്രമല്ല കാസര്‍കോട് നടക്കാനിറങ്ങിയ സ്ത്രീയോട് മോശമായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്തായാലും സ്ത്രീകളുടെ ഈ മുന്നേറ്റം ഒരു തുടക്കമാണ്.

Top