രാത്രി നഗരം ഉണര്‍ന്നിരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ല: ബിജെപി നേതാവ്

മുംബൈ: രാത്രികളിലും നഗരം ഉണര്‍ന്നിരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ബിജെപി നേതാവ് രാജ് പുരോഹിത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറും കടകളും ഷോപ്പിങ് മാളുകളും തുറന്നു പ്രവര്‍ത്തിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബിജെപി നേതാവ് രംഗത്തെത്തിയത്.

കടകളും റസ്റ്റോറന്റുകളും മാളുകളും തിയറ്ററുകളും 24 മണിക്കൂറും തുറന്നിരുന്നാല്‍ സംസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ധിക്കുമെന്നും രാജ് പുരോഹിത് പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ രാത്രി കടകള്‍ തുറക്കാനും ഷോപ്പിങ് മാളുകളും തിയറ്ററുകളും തുറന്നുപ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് രാത്രി ജീവിതം കൂടുതല്‍ ആസ്വദിക്കാന്‍ വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മുംബൈയിലെ രാത്രി ജീവിതത്തിനെതിരെ ഞാന്‍ പ്രതിഷേധിക്കുന്നുണ്ട്. രാത്രി ജീവിതം ഒരുതരത്തിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാനേ ഇതുകൊണ്ട് പ്രയോജനപ്പെടൂ. രാത്രിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കികൊടുത്താല്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മന്ത്രി ആദിത്യ താക്കറെയാണ് മഹാരാഷ്ട്രയില്‍ ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കടകളും മാളുകളും തിയറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നതായി അറിയിച്ചത്.

Top