നോമ്പ് സമയത്ത് ഇളവ്; കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ. ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കിയുള്ള നിയന്ത്രണം രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയായിരിക്കും. മരുന്ന്, പാല്‍ എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്കു പോകാമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നോമ്പ് സമയത്ത് ഇളവ് നല്‍കും. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

പൊതു-ചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങള്‍ക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ അക്കാര്യം ബോധ്യപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവോ എന്ന് ഇന്നും നാളെയും സംസ്ഥാനത്ത് കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് പിഴ കൂടാതെ സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടേണ്ടി വരും.

പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പാല്‍ വിതരണക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവുണ്ടാവൂ. ഓട്ടോറിക്ഷകളോ ടാക്‌സികളോ രാത്രി ഒന്‍പതു മണിക്ക് ശേഷം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടാന്‍ അനുവദിക്കില്ല. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ മാത്രമായി ചുരുക്കണം. പൊതുചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. ഒന്‍പതിനു ശേഷം പാഴ്‌സലുകളും നല്‍കാനാവില്ല. മാളുകളും സിനിമ തിയറ്ററുകളും ഏഴരയ്ക്കുള്ളില്‍ അടയ്ക്കണം. സ്വകാര്യ ട്യൂഷനുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അനുവദിക്കൂ. എല്ലാ പരീക്ഷകളും അഭിമുഖങ്ങളും രണ്ടാഴ്ചത്തേക്കു മാറ്റി വയ്ക്കാന്‍ പിഎസ്സിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

 

Top