ബൊക്കോ ഹറാം ആക്രമണം:കാണാതായ വിദ്യാര്‍ത്ഥിനികളില്‍ ചിലരെ രക്ഷപ്പെടുത്തി

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ സ്‌കൂളില്‍ ബൊക്കോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ ചിലരെ രക്ഷപ്പെടുത്തി. പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങളും സൈനികരുമാണ് ഇക്കാര്യം അറിയിച്ചത്.

തീവ്രവാദികളുടെ പിടിയില്‍നിന്നാണ് പെണ്‍കുട്ടികളില്‍ ചിലരെ മോചിപ്പിച്ചത്. അവരിപ്പോള്‍ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്.

യോബ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍നിന്ന് 111 പെണ്‍കുട്ടികളെയാണ് കാണാതായത്. വെടിവെപ്പിന്റെ ശബ്ദംകേട്ടപ്പോള്‍ അധ്യാപകര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.എന്നാല്‍, ബൊക്കോ ഹറാമിന്റെ വാഹനങ്ങളില്‍ കെട്ടിയിട്ടനിലയിലായിരുന്നു ഇവരെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

വാഹനങ്ങളില്‍നിന്ന് ചാടിയ പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. മേഖലയില്‍ 2009 മുതല്‍ ആക്രമണം തുടരുകയാണ് ബൊക്കോ ഹറാം. ആക്രമണത്തില്‍ 20,000ത്തോളം ആളുകള്‍ കൊല്ലപ്പൈട്ടന്നാണ് കണക്ക്.

Top