ബൊക്കോ ഹറാം ; പ്രതിഷേധം ശക്തം ,പെൺകുട്ടികളെ തിരികെ കൊണ്ടുവരണമെന്ന് മാതാപിതാക്കൾ

കാനോ: നൈജീരിയയിൽ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മാതാപിതാക്കൾ രംഗത്ത്.

വടക്കുകിഴക്കൻ നൈജീരിയയിൽ നിന്ന് തീവ്രവാദികള്‍ കടത്തികൊണ്ടുപോയ പെൺകുട്ടികളുടെ മാതാപിതാക്കളാണ് അവരെ തിരികെ കൊണ്ടുവരണമെന്നും തങ്ങളുടെ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നത്. ഈ വിഷയം ആഗോള പ്രാധാന്യമുള്ളതാണെന്നും മേഖലയിലെ സമുദായ നേതാവ് വ്യക്തമാക്കി.

ഇസ്ലാമിക് ഭീകര സംഘം ബൊക്കോ ഹറാം തിങ്കളാഴ്ചയാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയിലെ ഡിപ്ച്ചി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ നിന്നും നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. കൗമാരപ്രായക്കാരാണ് ഇവരിൽ മിക്കവരും.

2014-ല്‍ നൈജീരിയയിലെ ചിബോക്കില്‍ നിന്നും 270 വിദ്യാര്‍ഥിനികളെ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയതിന് ശേഷം ആദ്യമായാണ് ഇത്രയും പെണ്‍കുട്ടികളെ കൂട്ടത്തോടെ കാണാതായിരിക്കുന്നത്. 2014-ൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ശക്തമാകുകയും ഭരണകുടം അവരെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തട്ടികൊണ്ട് പോയ പെൺകുട്ടികളിൽ പലരും അടിമത്തത്തിലാകുകയും ചിലരെ മോചനദ്രവ്യം നൽകി രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Nigerian girls

ഡിപ്ച്ചിയിലെ സ്കൂളില്‍ കുട്ടികളുടെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥികൾ കാണാതായിരിക്കുന്ന വിവരം കണ്ടെത്തിയത്. 100-ൽ കൂടുതൽ പെൺകുട്ടികളെ കാണാതായിട്ടുണ്ട്. ഇവരെ കാണാതാകുന്നതിന് മുൻപുള്ള ദിവസം ബൊക്കോ ഹറാം ട്രക്കുകളില്‍ സ്കൂളില്‍ വരികയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.

ആക്രമണത്തിന് മുന്‍പ് ഈ പെണ്‍കുട്ടികളും ടീച്ചര്‍മാരും രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കണക്കായിരുന്നത്. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇവരെ കണ്ടെത്തുന്നതിനായി പ്രവർത്തിക്കാൻ സംസ്ഥാന തലസ്ഥാനമായ ദമാതൂരിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ചുറ്റളവിൽ ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

കാണാതായ പെൺകുട്ടികളുടെ 105 പേരുകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. തലസ്ഥാന നഗരിയായ അബൂജയിലെയ്ക്ക് പെൺകുട്ടികളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുന്നുവെന്നും കമ്മിറ്റി ചെയർമാനും കാണാതായ പെൺകുട്ടികളിൽ ഒരാളുടെ അച്ഛനുമായ ബാഷർ അൽഹാജി മൻസു പറഞ്ഞു.

Nigerian girls

തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് സർക്കാർ നൽകിയ പ്രതികരണം ദൗർഭാഗ്യകരമാണെന്നും അതിൽ ഞങ്ങൾ പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമികനിയമത്തിന്റെ കർശന വ്യാഖ്യാനം നടപ്പിലാക്കി സംസ്ഥാനത്തെ മാറ്റിയെടുക്കനാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ ശ്രമിക്കുന്നത്. ഇവിടെ വടക്കുകിഴക്കൻ നൈജീരിയയിൽ വ്യാപകമായി സംസാരിക്കുന്ന ഹൗസ ഭാഷയിൽ പാശ്ചാത്യ വിദ്യാഭ്യാസം നിരോധിച്ചിട്ടുണ്ട്.

2009-ൽ ബൊക്കോ ഹറാം സംഘർഷം ആരംഭിച്ചതിനു ശേഷം 20,000ത്തിലധികം പേർ കൊല്ലപ്പെടുകയും 2 മില്യൺ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പെൺകുട്ടികളെ കണ്ടെത്തുന്നതിനായി കൂടുതൽ സൈനികരെയും വ്യോമ സേനയെയും വിന്യസിച്ചിട്ടുള്ളതായി വെള്ളിയാഴ്ച അറിയിച്ച പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഇത് ദേശീയ ദുരന്തമാണെന്നും പെൺകുട്ടികളെ കാണാതായത് ദുഃഖകരമാണെന്നും പറഞ്ഞു.

അതേസമയം വ്യാഴാഴ്ച യോബി സ്റ്റേറ്റ് ഗവർണർ കാണാതായവരിൽ 76 ഓളം പെൺകുട്ടികളെ രക്ഷിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഇവരെ സംബന്ധിച്ച മറ്റൊരു വിവരങ്ങളും ലഭ്യമല്ല.

Nigerian girls

തങ്ങളുടെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ഭരണകുടം സുരക്ഷാ നൽകുന്നില്ലെന്നും അതിനാലാണ് ഇത്രയും കുട്ടികളെ അക്രമികൾ തട്ടിയെടുത്തതെന്നും ഗ്രാമത്തിലെ ജനങ്ങൾ പറയുന്നു. ആഗോളതലത്തിൽ ഈ പ്രശ്നം ചർച്ച ചെയ്ത് തങ്ങളുടെ പെൺകുട്ടികളെ രക്ഷിക്കണമെന്നാണ് ഈ മാതാപിതാക്കളുടെ ആവശ്യം.

ലോകരാജ്യങ്ങളിൽ പെൺകുട്ടികളുടെയും , സ്ത്രീകളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രവർത്തിക്കുന്ന സംഘടനകൾ ഒന്നും ഈ വിഷയത്തിൽ ഇടപ്പെടാത്തതും നടപടികൾ സ്വീകരിക്കാത്തതും വിമർശനത്തിന് ഇടയാക്കുന്നുണ്ട്.

റിപ്പോർട്ട് : രേഷ്മ പി.എം

Top