നൈജീരിയയിലെ വെള്ളപ്പൊക്കം; മരണം 100 കടന്നു

അബൂജ: നൈജീരിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. നിരവധി വീടുകളും തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

നൈജീരിയയിലെ പത്ത് സംസ്ഥാനങ്ങളിലായി 100 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. കോഗി, നൈഗര്‍, അനംബ്ര, ഡെല്‍റ്റ എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത്. രാജ്യത്തിന്റെ മധ്യ ദക്ഷിണ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാള്‍ക്കാരെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് നേരിട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. നൈജര്‍, ബെനുവെ എന്നീ രണ്ട് നദികളും കരകവിഞ്ഞൊഴുകുകയാണ്.

ഇരു നദികള്‍ക്കുമിടയിലുള്ള ലോകോജ എന്ന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായത്. രാജ്യത്ത് ഇതിന് മുന്‍പ് 2012ലാണ് വെള്ളപ്പൊക്കമുണ്ടായത്. അന്ന് 363 പേര്‍ മരിക്കുകയും, 30 സംസ്ഥാനങ്ങളിലായി ഇരുപത് ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top