Nigeria Chibok girls shown alive in Boko Haram video

അബുജ: രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ നൈജീരിയന്‍ പെണ്‍കുട്ടികളുടെ വിഡിയോ ഭീകരസംഘടനയായ ബൊക്കോ ഹറാം പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയ 219 കുട്ടികളില്‍ 15 പേരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ഏറെക്കാലത്തിനുശേഷം പുറത്തുവന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടികളെക്കുറിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. തട്ടിയെടുക്കപ്പെട്ട പെണ്‍കുട്ടികളില്‍ ചിലരെങ്കിലും ഇപ്പോഴും ജീവനോടെയുണ്ടെന്നതിന് ലഭിക്കുന്ന പ്രധാന തെളിവാണ് പുതിയ വിഡിയോ.

തട്ടിക്കൊണ്ട് പോകലിനുശേഷം 2014 മേയ് മാസത്തിലാണ് ഇതിനുമുമ്പ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ചിത്രീകരിച്ചതെന്ന് കരുതുന്ന പുതിയ ദൃശ്യങ്ങളില്‍ ഇസ്‌ലാമിക വേഷം ധരിച്ച പെണ്‍കുട്ടികള്‍ സ്വയം പരിചപ്പെടുത്തുന്നു. പതിനഞ്ച് പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ അവരുടെ മക്കളെ തിരിച്ചറിഞ്ഞു.

കുട്ടികള്‍ വലിയ സമ്മര്‍ദത്തിലല്ലെന്നാണ് ദൃശ്യങ്ങളിലെ സൂചനയെന്നും ഇവരെ മതപരിവര്‍ത്തനം ചെയ്തതായി മനസിലാക്കുന്നവെന്നും നൈജീരിയന്‍ സര്‍ക്കാര്‍ പ്രതിനിധി പ്രതികരിച്ചു. എന്നാല്‍ മോചനത്തിനുളള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. തടവിലുളള ഭീകരരെ വിട്ടയച്ചാല്‍ മാത്രമേ പെണ്‍കുട്ടികളെ മോചിപ്പിക്കൂവെന്ന നിലപാടിലാണ് ബൊക്കോ ഹറാം. ചര്‍ച്ച തുടരുകയാണെന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

2014 ഏപ്രില്‍ പതിനാലിനാണ് നൈജീരിയയുടെ വടക്കുകിഴക്കന്‍ ഗ്രാമമായ ചിബോക്കിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിക്കൊണ്ടിരുന്ന 276 വിദ്യാര്‍ഥിനികളെ ഭീകരര്‍ തോക്കുകാട്ടി തട്ടിക്കൊണ്ടുപോയത്. ഇതില്‍ 57 പേര്‍ പിന്നീട് രക്ഷപെട്ടിരുന്നു. 2014 മേയില്‍ ഇസ്‌ലാമിക വേഷത്തിലുളള നൂറോളം പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവരെയെല്ലാം ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന ബൊക്കോ ഹറാം തലവന്‍ അബൂബക്കര്‍ ഷേക്കുവിന്റെ പ്രസ്താവനയോടെയായിരുന്നു വിഡിയോ.

പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഏറെ പ്രതീക്ഷയിലാണ്. മോചനത്തിനുളള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ചിബോക്കിലെ സ്‌കൂളില്‍ ഒത്തുചേര്‍ന്ന മാതാപിതാക്കള്‍ കുട്ടികളുടെ മോചനത്തിനായി പ്രാര്‍ത്ഥന നടത്തി.

Top