ഓഹരിവിപണിയില്‍ കുതിച്ചുചാട്ടം; രൂപയുടെ മൂല്യത്തില്‍ നേട്ടം

sensex

മുംബൈ: വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ താല്ക്കാലികമായി അവസാനിച്ചതും ഓഹരി സൂചികകള്‍ കുതിച്ചതും രൂപയുടെ മൂല്യമുയര്‍ത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂല്യം 68.46 നിലവാരത്തിലെത്തിയിരുന്നു. ഇന്നലെ രൂപയുടെ മൂല്യം 69 നിലവാരത്തിലെത്തിയിരുന്നു. 68.79ലായിരുന്നു ക്ലോസ് ചെയ്തത്.

പത്തുവര്‍ഷകാലാവധിയുള്ള ബോണ്ടില്‍ നിന്നുള്ള ആദായം 7.889 ശതമാനത്തിലേയ്ക്ക് താഴ്ന്നതും രൂപയ്ക്ക് ഗുണകരമായി. കഴിഞ്ഞദിവസത്തെ ആദായം 7.935 ശതമാനമായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഇതുവരെ 83.66 കോടി ഡോളറിന്റെ ഓഹരി നിക്ഷേപവും 845 കോടി ഡോളറിന്റെ ഡെറ്റ് നിക്ഷേപവും വിറ്റൊഴിഞ്ഞതും രൂപയുടെ മൂല്യത്തെ തളര്‍ത്തിയിരുന്നു.

ഇന്ന് 400 പോയന്റിലേറെ കുതിച്ച സെന്‍സെക്‌സ് 385.84 പോയിന്റ് നേട്ടത്തില്‍ 35,423.48ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 125.20 പോയിന്റ് ഉയര്‍ന്ന് 10,714.30ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1840 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 745 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഒഎന്‍ജിസി, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top