രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ: സെൻസെക്‌സ് 1,223.24 പോയന്റ് ഉയർന്നു, നിഫ്റ്റി 16,300

മുംബൈ: തകർച്ചയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ, ധനകാര്യം, റിയാൽറ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകൾ ഉയർന്നത്.

റഷ്യ-യുക്രൈൻ സംഘർഷത്തിന് അയവ് വരുമെന്ന പ്രതീക്ഷ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇറക്കുമതി തുടരാൻ തീരുമാനിച്ചതും വിപണിയെ സ്വാധിനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതും വിപണിക്ക് നേട്ടമായി.

സെൻസെക്‌സ് 1,223.24 പോയന്റ് ഉയർന്ന് 54,467.33ലും നിഫ്റ്റി 331.90 പോയന്റ് നേട്ടത്തിൽ 16,345.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്‌സ്, പവർഗ്രിഡ് കോർപ്, ഒഎൻജിസി, എൻടിപിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി

Top