റെക്കോഡ് നേട്ടം; നിഫ്റ്റി 15,436ല്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയില്‍ നിഫ്റ്റി റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതും രാജ്യ തലസ്ഥാനം അടച്ചിടലില്‍ നിന്ന് പിന്‍വാങ്ങുന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് കരുത്തായി. യുഎസിലെ ആറ് ലക്ഷം കോടി ഡോളറിന്റെ ഉത്തേജന പാക്കേജും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി.

സെന്‍സെക്സ് 307.66 പോയന്റ് ഉയര്‍ന്ന് 51,422.88ലും നിഫ്റ്റി 97.80 പോയന്റ് നേട്ടത്തില്‍ 15,435.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1394 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1674 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

റിലയന്‍സ്, ഗ്രാസിം, അദാനി പോര്‍ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, ശ്രീ സിമെന്റ്സ്, ബജാജ് ഫിന്‍സര്‍വ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഫാര്‍മ, ഐടി സൂചികകള്‍ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖല സൂചിക 0.7ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 0.3ശതമാനവും ഉയര്‍ന്നു. ഫാര്‍മ സൂചിക 1.2ശതമാനം നഷ്ടത്തിലായി.

 

Top