സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; പ്രതിഷേധവുമായി നിഫ്റ്റ് കാമ്പസിലെ വിദ്യാര്‍ഥിനികള്‍ തെരുവില്‍

nift

കണ്ണൂര്‍: സാമൂഹ്യ വിരുദ്ധരുടെ അക്രമണത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. കണ്ണൂര്‍ ധര്‍മ്മശാലയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയുള്ള അപമാനിക്കുന്നതിനെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നിഫ്റ്റ് കണ്ണൂര്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളാണ് തുടര്‍ച്ചയായി സാമൂഹ്യ വിരുദ്ധരുടെ അതിക്രമത്തിനും അപമാനത്തിനും ഇരയായത്. ഇതര സംസ്ഥനങ്ങളില്‍ നിന്നും പഠനത്തിനായി ഇവിടെ എത്തിയ വിദ്യാര്‍ത്ഥിനികളാണ് കൂടുതലായും അപമാനിക്കപ്പെടുന്നത്.

ലൈംഗിക ചുവയോടെയുളള സംസാരം മുതല്‍ ശാരീരിക ആക്രമണം വരെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ തെരുവിലിറങ്ങിയത്.

ജനപ്രതിനിധികളും, വിവിധ സംഘടനാ നേതാക്കളും വിദ്യാര്‍ത്ഥിനികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. സംഭവത്തിനെതിരെ
ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തളിപ്പറമ്പ എംഎല്‍എ ജയിംസ് മാത്യു പറഞ്ഞു.

ക്യാമ്പസിലേക്കുള്ള വഴിയില്‍ ആന്തൂര്‍ നഗരസഭ വിളക്കുകളും രഹസ്യക്യാമറകളും സ്ഥാപിക്കുമെന്നും വിദ്യാര്‍ത്ഥിനികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാല്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ ധര്‍മ്മശാലയില്‍ പ്രകടനവും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു.

Top