അന്തിക്കാട് നിധിൽ കൊലപാതകം: മൂന്ന് പേർ പിടിയിൽ

തൃശൂർ : തൃശൂർ അന്തിക്കാട് നിധിൽ കൊലപാതകക്കേസിൽ മൂന്ന് പേർ പിടിയിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു യുവാക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘത്തിന്റെ കാറും, ബൈക്കും കൊച്ചി പനങ്ങാട് കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് ബിജെപി പ്രവര്‍ത്തകന്‍ നിധിൽ കൊല്ലപ്പെട്ടത്. അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട നിധിൽ. 28 വയസായിരുന്നു. നിധിലിനെ പിന്തുടർന്ന അക്രമി സംഘം വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്തിക്കാട് മാങ്ങാട്ടുകരയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

നിധിൽ സഞ്ചരിച്ച കാറില്‍ അക്രമിസംഘം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടിവീഴ്ത്തി. ഇതിനു ശേഷം മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തിനിടെ സംഘത്തിലുൾപ്പെട്ട സനലിന് പരുക്കേറ്റതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതറിഞ്ഞെത്തിയ അന്വേഷണ സംഘം സനലിനെ പിടികൂടി. അഞ്ച് പേരാണ് അക്രമി സംഘത്തിലുള്ളത് എന്നാണ് റിപ്പോർട്ട്. 2020 ജൂലായിലാണ് അന്തിക്കാട് താന്ന്യം സ്വദേശി ആദര്‍ശ് കൊല്ലപ്പെട്ടത്. ഈ കേസിലെ എട്ടാം പ്രതിയായിരുന്നു നിധിൽ .

Top