കുഞ്ഞുങ്ങളെ വെറുതെ വിടാം…അവര്‍ പ്രകൃതിയുടേതാണ്,അവര്‍ പറയട്ടെ,പറക്കട്ടെ: സിത്താര

കുട്ടികള്‍ക്ക് അറിവും സുരക്ഷയും നല്‍കേണ്ട വിദ്യാലയങ്ങള്‍ അവരുടെ ജീവനെടുക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കാണ് കേരളക്കര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അധ്യാപകന്റെ നിരുത്തരവാദിത്വപരമായ സമീപനത്തിലൂടെ പൊലിഞ്ഞത് അഞ്ചാം ക്ലാസ്സുകാരിയായ ഷെഹല എന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങളാണ്. നാടെങ്ങും അവള്‍ക്കായി പ്രതിഷേധം ഉയരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് വീറോടെ തന്റെ സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ ഒരു പെണ്‍കുട്ടിയെ ആരും മറന്ന് കാണില്ല.

നിദ ഫാത്തിമ എന്ന ഏഴാം ക്ലാസ്സുകാരിയിലൂടെയാണ് ഷെഹലയ്ക്കു സംഭവിച്ചതെന്തെന്നും അധ്യാപകന്റെ അനാസ്ഥയാണ് ആ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്. സഹപാഠിക്കുവേണ്ടി ഉറച്ച സ്വരത്തിലായിരുന്നു മാധ്യമങ്ങളുടെ മുമ്പില്‍ നിദ സംസാരിച്ചത്. അധികം താമസിയാതെ സോഷ്യല്‍ മീഡിയയിലെ താരമായി നിദ.പലരും നിദയുടെ ഫോട്ടോ ഫെയ്‌സ്ബുക്കിലും വാട്സാപ്പ് ഡിസ്പ്ലേ പിക്ചറാക്കിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ ഇതിലുള്ള തന്റെ ആശങ്ക പങ്കുവെക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍.

സിത്താരയുടെ വാക്കുകള്‍ ഇങ്ങനെ

ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിത എന്ന മിടുമിടുക്കിയെ പലതവണയായി വാര്‍ത്തകളിലും, ഫേസ്ബുക് പേജുകളിലും, വാട്‌സാപ്പ് ഫോര്‍വേഡുകളിലും എല്ലാം കാണുന്നു മലാലയെ ഓര്‍ത്തുപോയി അഭിമാനവും ആവേശവുമാണ് ഈ കുഞ്ഞുങ്ങള്‍ പക്ഷെ കൂടെ ചെറിയ ഒരു ആശങ്ക കൂടെ തോന്നാതിരുന്നില്ല ! അവരൊക്കെ കുഞ്ഞുങ്ങളാണ്, സത്യസന്ധമായും, ഏറ്റവും ശുദ്ധമായും ആണ് അവര്‍ ചിന്തിക്കുന്നത് പറയുന്നത് പ്രവര്‍ത്തിക്കുന്നത് ! അവരെ സ്വാഭാവികമായി വളരാനുള്ള ഒരു സാഹചര്യം പോലും നമ്മള്‍ വളഞ്ഞിട്ട് ചോദ്യം ചോദിച്ചും ഉത്തരം പറയിപ്പിച്ചും കളയുന്നതായി തോന്നി ! അവരോടു സംസാരിക്കാനുള്ള ഭാഷ പോലും വശമില്ല ചോദിക്കുന്ന പലര്‍ക്കും, അത്രമേല്‍ ചുറ്റുവട്ടങ്ങളെ കുറിച്ച് ബോതേര്‍ഡ് ആണ് നമ്മള്‍ മുതിര്‍ന്നവര്‍ ഇതുമായി വലിയ ബന്ധമില്ലാത്ത ഒന്നാണെങ്കിലും പറഞ്ഞോട്ടെ, ഞാനും എന്റെ സുഹൃത്തും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പാട്ടുകള്‍ പറച്ചിലുകള്‍ എല്ലാം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്, വളരെ സ്വകാര്യമായ ഒരു സന്തോഷമാണത് ! പക്ഷെ ചിലപ്പോഴെങ്കിലും തോന്നാറുണ്ട് ഇനി ഒരിക്കലും അതാവര്‍ത്തിക്കില്ല എന്ന് നിങ്ങളുടെ സങ്കല്പങ്ങളുടെ, പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ നിങ്ങള്‍ കുഞ്ഞുങ്ങളുടെ മുകളില്‍ സ്‌നേഹം എന്ന പേരില്‍ വച്ചുകെട്ടുകയാണ് ! നിങ്ങള്‍ മനസ്സില്‍ ഒരു സ്വര്‍ണ്ണക്കൂടുണ്ടാക്കി അതില്‍ അവരെ ഇരുത്തുന്നു ! നിങ്ങള്‍ സങ്കല്പിക്കുന്നതിലും നിന്ന് മാറി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍, പാടിയാല്‍, ധരിച്ചാല്‍ ആ നിമിഷം അവര്‍ നിങ്ങള്‍ക് നികൃഷ്ടരും, ശത്രുക്കളും ആയി ഇതിലപ്പുറം എന്താണ് സോഷ്യല്‍ മീഡിയ ചെയ്യുന്നത് മുതിര്‍ന്നവരോട് ആവോളം നീതികേട് കാണിക്കുന്നുണ്ട്, അതുപോട്ടെ ! കുഞ്ഞുങ്ങളെ വെറുതെ വിടാം… അവര്‍ പ്രകൃതിയുടേതാണ്, അവര്‍ പറയട്ടെ, പാടട്ടെ, പറക്കട്ടെ

Top