നിദ ഫാത്തിമയുടെ മരണം: മനപ്പൂർവമുള്ള നരഹത്യയെന്ന് ആരോപിച്ച് സൈക്കിൾ പോളോ അസോസിയേഷൻ

കൊച്ചി: നിദ ഫാത്തിമയുടെ മരണം മനപൂർവ്വം ഉണ്ടാക്കിയ നരഹത്യയെന്ന് സൈക്കിൾ പോളോ അസോസിയേഷൻ. ഓൾ ഇന്ത്യ സൈക്കിൾ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയും ആണ് ഇതിന് ഉത്തരവാദികൾ. കോടതി ഉത്തരവുമായി മത്സരിക്കാനെത്തിയവർക്ക് താമസവും ഭക്ഷണവും നൽകിയില്ല. അഖിലേന്ത്യാ ഫെഡറേഷൻ ആവശ്യപ്പെട്ടതനുസരിച്ച് അരലക്ഷം രൂപ ഇതിനായി നേരത്തെ നൽകിയിരുന്നു. എന്നാൽ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യാ ഫെഡറേഷൻ പരിഗണന നൽകിയത്. ഈ സംഘടനയ്ക്ക് കേരള സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരമില്ലെന്നും കേരള സൈക്കിൾ പോളോ അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.

കോടതിയലക്ഷ്യ ഹർജിയിൽ ആണ് കുറ്റപ്പെടുത്തലുകളുള്ളത്. ഹർജി ജസ്റ്റിസ് വിജി അരുണ്‍ ഉച്ചയ്ക്ക് പരിഗണിക്കും. അതിനിടെ നിദ ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എംപി എഎം ആരിഫ്, ചാലക്കുടി എംപി ബെന്നി ബഹന്നാൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ നേരിൽ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്ന് എഎം ആരിഫ് എംപി പറഞ്ഞു.

Top