Nicolas Sarkozy to seek French presidency again

പാരിസ്: ഫ്രാന്‍സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ പ്രസിഡന്റ് നികോളാസ് സര്‍കോസി. സ്വന്തം ഫേസ്ബുക് പേജിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് സര്‍കോസി ഇക്കാര്യം അറിയിച്ചത്.

കുടിയേറ്റ പ്രശ്‌നത്തെക്കുറിച്ചും രാജ്യത്ത് തുടര്‍ചയായി നടക്കുന്ന ഭീകരാക്രമണത്തെക്കുറിച്ചുമുള്ള കാമ്പയിന് നേതൃത്വം നല്‍കാനും 61 കാരനായ സര്‍കോസി ആലോചിക്കുന്നുണ്ട്. ഇതിലൂടെ നാഷണല്‍ ഫ്രണ്ട് നേതാവും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ മറൈന്‍ ലീ പെന്നിനെയാണ് സര്‍കോടി ഉന്നമിടുന്നത്.

2012ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍കോസി വീണ്ടും മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഫ്രാന്‍സിസ് ഓലന്റിനോട് പരാജയപ്പെട്ടിരുന്നു. ശേഷം രാഷ്ട്രീയം വിടുകയാണെന്നും രാജ്യത്തെ സേവിക്കാന്‍ മറ്റൊരു വഴി കണ്ടെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ 2014ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തെത്തിയതോടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ സര്‍കോസി തീരുമാനിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ 2004ല്‍ ഫ്രാന്‍സിലെ പൊതു സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയ ശിരോവസ്ത്ര നിരോധനം സര്‍വകലാശാലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍കോസി പറഞ്ഞിരുന്നു.

Top