തിരഞ്ഞെടുപ്പു ഫണ്ടിലേക്കു വിദേശസഹായം; നിക്കോളാസ് സര്‍ക്കോസി കസ്റ്റിഡിയില്‍

zarcozy

പാരീസ്:തിരഞ്ഞെടുപ്പു ഫണ്ടിലേക്കു നിയമവിരുദ്ധമായി വിദേശസഹായം സ്വീകരിച്ച കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ കസ്റ്റഡിയിലെടുത്തു. സര്‍ക്കോസിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

2007-ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് 617 ലക്ഷം ഡോളര്‍ കൈപ്പറ്റിയെന്നാണു കേസ്. സര്‍ക്കോസിയുടെ അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ ബ്രൈസ് ഹോര്‍ട്ടിഫ്യൂവിനെയും ഇതേ കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സര്‍ക്കോസി ഗദ്ദാഫിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു പ്രസിഡന്റായ ഉടന്‍ ഗദ്ദാഫിയെ പാരീസിലേക്ക് ക്ഷണിച്ച സര്‍ക്കോസി തന്നെയാണ് പിന്നീട് ഗദ്ദാഫി ഭരണകൂടത്തിനെതിരേ നാറ്റോയുമായി ചേര്‍ന്നു വ്യോമാക്രമണത്തിന് ഉത്തരവു നല്‍കിയത്. ലിബിയയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഗദ്ദാഫിയെ എതിരാളികള്‍ പിടികൂടി വധിക്കുകയായിരുന്നു.

ഗദ്ദാഫിയില്‍ നിന്നു കിട്ടിയ ഫണ്ട് സര്‍ക്കോസിക്ക് എത്തിച്ചുകൊടുക്കുന്നതിന് ഇടനിലക്കാരനായിരുന്നുവെന്നു സംശയിക്കുന്ന ഫ്രഞ്ച് ബിസിനസുകാരന്‍ കഴിഞ്ഞ ജനുവരിയില്‍ ബ്രിട്ടനില്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്.

ഗദ്ദാഫി ഭരണകൂടത്തിലെ മുന്‍ ഉദ്യോഗസ്ഥരും ഫണ്ട് കൈമാറ്റ ആരോപണം സ്ഥിരീകരിച്ചു. 2012-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സര്‍ക്കോസി ഫ്രാന്‍സ്വാ ഒളാന്ദിനോടു പരാജയപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പിലും വിദേശഫണ്ട് സ്വീകരിച്ചിരുന്നെന്ന് സര്‍ക്കോസിക്കെതിരേ ആരോപണമുണ്ട്.

Top