തിരഞ്ഞെടുപ്പ് കേസ്‌: സര്‍ക്കോസിക്ക് ഒരുവർഷം തടവ്, ഇലക്‌ട്രോണിക് വിലങ്ങ്

പാരീസ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദനീയമായതിന്റെ ഇരട്ടി തുക ചെലവാക്കിയ കേസില്‍ ഫ്രാന്സിന്റെ മുന് പ്രസിഡന്റ് നികോളാസ് സര്‍കോസിക്ക് ഒരുവര്‍ഷം തടവുശിക്ഷ. ജയിലില്‍ കഴിയേണ്ടതില്ല. കാലില്‍ ഇലക്‌ട്രോണിക് വിലങ്ങ് ധരിച്ച്‌ വീട്ടുതടങ്കലില്‍ കഴിഞ്ഞാല്‍ മതി

സര്‍ക്കോസി തുടര്‍ഭരണം ലക്ഷ്യമിട്ട തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കേസാണ് പരിഗണിച്ചത്. ചിലവഴിക്കാവുന്ന പരമാവധി തുക 22.5 ദശലക്ഷം യൂറോയാണ്. ഇതിന്റെ ഇരട്ടി ചിലവഴിച്ചെന്ന ആരോപണമാണ് കോടതി ശരി വെച്ചത്. ചിലവ് മറച്ചുവെക്കാന്‍ ഒരു പി ആര്‍ ഏജന്‍സിയെ കൂട്ടും പിടിച്ചു. സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍കോയിസ് ഹോളണ്ടിനോട് അന്ന് സര്‍കോസി പരാജയപ്പെട്ടിരുന്നു.

2007 മുതല്‍ 2012 വരെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന സര്‍ക്കോസി കാര്യങ്ങള്‍ ശക്തമായി നിഷേധിച്ചു. എന്നാല്‍, അദ്ദേഹം കോടതിയില്‍ ഉണ്ടായിരുന്നില്ല.

നേരത്തെ, കണ്‍സര്‍വേറ്റിവ് നേതാവായ സര്‍ക്കോസിയെ ജുഡീഷ്യല്‍ വിവരങ്ങള്‍ കിട്ടാന്‍ ജഡ്ജിന് കൈക്കൂലി നല്‍കിയ കേസില്‍ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. കേസ് അപ്പീലിനെ തുടര്‍ന്ന് നീണ്ടു പോകുകയാണ്.

Top