ഐപിഎല്ലിൽ നിക്കോളാസ് പൂരന്റെ തകർപ്പൻ സിക്സർ സേവ് ; ഹർഷാരവത്തോടെ ആരാധകവൃന്ദം

ദുബായ് : ഐപിഎല്ലിലെ കഴിഞ്ഞ ദിവസത്തെ ഗംഭീര പോരാട്ടത്തിൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് മുന്നോട്ടു വെച്ച 224 റൺസിൻ്റെ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പൂരന്റെ കിടിലന്‍ സിക്സര്‍ സേവ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഈയൊരു സിക്സർ സേവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എട്ടാം ഓവറിലെ മൂന്നാമത്തെ പന്ത് , അതായിരുന്നു പൂരന്റെ കഴിവിനെ പുറത്തു കൊണ്ടുവന്നത്. പന്തെറിഞ്ഞത് എം അശ്വിനായിരുന്നു. സഞ്ചു അടിച്ച പന്തിനെ മിന്നൽ വേഗത്തിലാണ് പൂരൻ ബൗണ്ടറിക്കുള്ളിലാക്കിയത്. അശ്വിന്റെ പന്ത് സിക്‌സ് കടത്താനുള്ള സഞ്ജു സാംസണിന്റെ ശ്രമമാണ് കിടിലന്‍ ഡൈവിലൂടെ പൂരന്‍ നിഷ്പ്രഭമാക്കിയത്. ബൗണ്ടറി കടന്ന് സിക്‌സ് ആകേണ്ട പന്ത് അതി വിദഗ്ധമായി പൂരന്‍ തട്ടി ഗ്രൗണ്ടിനകത്തേക്ക് ഇടുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അവിശ്വസനീയമായ സേവയിരുന്നു അത്.

പൂരന്റെ പ്രകടനം കണ്ട് പഞ്ചാബിന്റെ ഫീല്‍ഡിങ് കോച്ച്‌ സാക്ഷാല്‍ ജോണ്ടി റോഡ്സ് പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. തന്റെ ജീവിതത്തില്‍ ഇത്തരമൊരു ഫീല്‍ഡിംഗ് കണ്ടിട്ടില്ലെന്ന് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ട്വീറ്റ് ചെയ്യുകയുണ്ടായി. പൂരന്റെ ഈ സിക്സർ സേവ് പ്രകടനം വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം,ഐപിഎല്ലിലെ ഗംഭീര ചേസിംഗില്‍ രാഹുല്‍ തേവാത്തിയക്കും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരോവറില്‍ അഞ്ച് സിക്‌സറടിച്ചാണ് തേവാത്തിയ കളി മാറ്റിമറിച്ചത്. ഇതോടെ ടീമിന്റെ വിജയസാധ്യത കുറച്ചുകൂടെ സുനിശ്ചിതമായി. 85 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ.

Top