NIA team rushed to andhra to probe isi s involvement in hirakhand express accident

ന്യൂഡല്‍ഹി: ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ പാക് സംഘടനയായ ഐഎസ്‌ഐയുടെ പങ്ക് എന്‍ഐഎ അന്വേഷിക്കുന്നു. ഇതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം ആന്ധ്രയിലെ കുനേരുവിലെത്തി.

പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു സംഭവത്തില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതോടെ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ 39 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നവംബറില്‍ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് പാളം തെറ്റിയതില്‍ പാക്‌ ചാരസംഘടനയുടെ പങ്ക് എന്‍ഐഎ അന്വേഷിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ ആന്ധ്ര അപകടവും ഉള്‍പ്പെടുത്താനാണു നിര്‍ദേശം. കഴിഞ്ഞയാഴ്ച ബിഹാറില്‍ പിടിയിലായ മൂന്നുപേര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ട്രെയിന്‍ അപകടത്തില്‍ പാക്‌ ചാരസംഘടനയ്ക്കു പങ്കുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചത്.

അപകടം നടന്നതു മാവോയിസ്റ്റ് ശക്തികേന്ദ്രത്തിലാണെന്നതാണു പാളം തെറ്റല്‍ അട്ടിമറി മൂലമാണെന്നു റെയില്‍വേ സംശയിക്കാനുള്ള മുഖ്യകാരണം. മാത്രമല്ല, അപകടത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് ഇതേ പാളത്തിലൂടെ ചരക്കുവണ്ടി സുരക്ഷിതമായി കടന്നുപോവുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ടു സുരക്ഷാ പരിശോധനാസംഘം പാളങ്ങളില്‍ കുഴപ്പം കണ്ടെത്തിയിരുന്നില്ലെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു.

Top