1938ന് ശേഷം തണുത്തുറഞ്ഞ് നയാഗ്ര; യുഎസ് അതിശൈത്യത്തിന്റെ പിടിയില്‍

വാഷിംഗ്ടണ്‍: യുഎസിന്റെ പല ഭാഗങ്ങളിലും അതിശൈത്യം പിടിമുറുക്കി ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. പ്രദേശത്ത് താപനില മൈനസ് 18 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ നയാഗ്ര വെള്ളച്ചാട്ടം ഐസായി മാറിയിരിക്കുകയാണ്. നദിയുടെ കരയിലും വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലും സമീപമുള്ള മരങ്ങളിലുമെല്ലാം മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്.

വെള്ളം തണുത്തുറഞ്ഞതാണെങ്കിലും ഒഴുക്ക് കുറഞ്ഞിട്ടില്ല. വെള്ളച്ചാട്ടം പൂര്‍ണ്ണമാവുകയും തണുത്തുറയുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍ താഴേക്ക് വീഴുന്ന വെള്ളം ഐസായി മാറുന്നതുമൂലം വെള്ളച്ചാട്ടം തണുത്തുറഞ്ഞതായി തോന്നുന്നതാണെന്ന് നയാഗ്ര ഫാള്‍സ് സ്റ്റേറ്റ് പാര്‍ക്ക് പ്രതിനിധി ഏഞ്ചല ബെര്‍ട്ടിയെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളച്ചാട്ടത്തിനു സമീപമുള്ള ഒന്റാറിയോ, എറി എന്നീ തടാകങ്ങളും ഐസ് മൂടിയ നിലയിലാണ്. ശീതക്കാറ്റ് വീശി അടിക്കുന്നതിനാലാണ് അമേരിക്കയുടെ പലഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടാന്‍ കാരണം. കഴിഞ്ഞ ആഴ്ചയില്‍ ശീത കാറ്റ് വീശിയടിച്ചത് മൂലം അമേരിയ്ക്കയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ 10 ഇഞ്ച് വരെ മഞ്ഞു വീഴ്ച അനുഭവപ്പെട്ടു. ഒസ്വീഗോ, ലൂയിസ്, ജെഫര്‍സണ്‍ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലായി ആറു ഇഞ്ച് വരെ മഞ്ഞു വീഴ്ചയുണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പല ഇടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഇതിന് മുന്‍പ് നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞത് 1938 ലാണ്.

Top