ഉദയ്പൂര്‍ കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കും

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം എൻഐഎ അന്വേഷിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയെ ചുമതലപ്പെടുത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ഒരു സംഘത്തെ കേന്ദ്രം ഉദയ്പൂരിലേക്ക് അയച്ചിട്ടുണ്ട്.

ബിജെപി നേതാവ് നൂപൂർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാളെയാണ് പട്ടാപ്പകൽ കടയിൽ കയറി വെട്ടിക്കൊന്നത്. രാജസ്ഥാനിലെ ഉദയപൂരിലാണ് സംഭവം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തി.കൊലപ്പെടുത്തിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ഉദയ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് വ്യക്തമാക്കി.

ഉദയ്പൂരിൽ മാൾഡ്‌സ്ട്രീറ്റിൽ തയ്യൽക്കട നടത്തുന്ന കനയ്യലാൽ സാഹുവാണ് കൊല്ലപ്പെട്ടത്.തുണി തയ്യപ്പിക്കാൻ എന്ന വ്യാജേന കടയിലെത്തിയ രണ്ട് ആക്രമികൾ ചേർന്നാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാൾ ദിവസങ്ങൾക്ക് മുമ്പ് നുപൂർ ശർമയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.

Top