സ്വര്‍ണ്ണക്കടത്തുകേസ്; കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യണമെന്ന് എന്‍ഐഎ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്യണമെന്ന് എന്‍.ഐ.എ. ഒന്നാം പ്രതി പി.എസ്. സരിത്തുള്‍പ്പെടെ 16 പേരുടെ റിമാന്‍ഡ് നീട്ടാനുള്ള അപേക്ഷയിലാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്യണമെന്ന ആവശ്യം എന്‍ഐഎ കോടതിക്കുമുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. കള്ളക്കടത്ത് സമ്പാദ്യം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചിരിക്കാമെന്നും എന്‍.ഐ.എ ഡിവൈ.എസ്.പി സി. രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

സ്വപ്ന സുരേഷടക്കമുള്ള പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പ് എന്നിവയില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയാണ് നിലവില്‍ എന്‍ഐഎ.

സ്വര്‍ണക്കടത്തുകേസില്‍ മുഴുവന്‍ പ്രതികളുടെയും പങ്കാളിത്തം വ്യക്തമാണ്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി നടത്തിയ ഗൂഢാലോചനയും തുടര്‍ നടപടികളും ഇവര്‍ വെളിപ്പെടുത്തി. വിദേശത്തും ഇന്ത്യയിലും ഗൂഢാലോചന നടത്തിയ സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ പ്രതികള്‍ ചൂണ്ടിക്കാട്ടി.മിഡില്‍ ഈസ്റ്റില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം നയതന്ത്ര ബാഗിന്റെ മറവില്‍ ഇന്ത്യയിലേക്ക് തുടര്‍ച്ചയായി കടത്തി വ്യക്തികള്‍ക്ക് കൈമാറിയതിന് തെളിവുകളുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. പി.എസ്. സരിത്ത്, സ്വപ്ന, കെ.ടി. റമീസ്, എ.എം. ജലാല്‍, സെയ്ദ് അലവി, പി.ടി. അബ്ദു, മുഹമ്മദ് അലി, കെ.ടി. ഷറഫുദീന്‍, മുഹമ്മദ് ഷഫീഖ്, ഹംസത്ത് അബ്ദുസലാം, ടി.എന്‍. സന്‍ജു, ഹംജദ് അലി എന്നീ 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ പത്തു വരെയും സി.വി. ജിഫ്‌സല്‍, പി. അബൂബക്കര്‍, മുഹമ്മദ് അബ്ദു ഷമീം, പി.എം. അബ്ദുള്‍ ഹമീദ് എന്നീ പ്രതികളുടെ റിമാന്‍ഡ് കാലാവധി എട്ടു വരെയും നീട്ടി.

Top