ഐ.എന്‍.എസ്. വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം; അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തു

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പണി നടക്കുന്ന വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണംപോയ കേസ് എന്‍.ഐ.എ. ഏറ്റെടുത്തു. എന്‍.ഐ.എ. കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പോലീസിലെയും ഉദ്യോഗസ്ഥരെ അടക്കം ഉള്‍പ്പെടുത്തിയുള്ള സംഘമാകും അന്വേഷണം നടത്തുക.

നിലവില്‍ മോഷണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. സിറ്റി ഡപ്യുട്ടി കമ്മിഷണര്‍ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

അട്ടിമറിയടക്കമുള്ള വശങ്ങള്‍ അന്വേഷിക്കണമെന്നു വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതാണ് എന്‍ഐഎ കേസ് ഏറ്റെടുക്കാന്‍ കാരണം.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ കമ്മിഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയിരുന്നു.

കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്. അഞ്ചു വീതം മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, റാമുകള്‍ എന്നിവയാണു മോഷണം പോയത്. കേബിളുകളും കോളിങ് സ്റ്റേഷന്‍ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്.

Top