തീവ്രവാദികള്‍ക്ക് ധനസഹായം: വിഘടനവാദി നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ഫാറൂഖിനും നസീം ഗിലാനിക്കും ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസയച്ചു. തീവ്രവാദികള്‍ക്ക് ധനസഹായം ചെയ്ത കേസിലാണ് നോട്ടീസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് നസീംഗിലാനിക്ക് എന്‍ ഐ എ നോട്ടീസയക്കുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഹൂറിയാത്തിന്റെ മുതിര്‍ന്ന നേതാവായ മിര്‍വയിസ് ഉമര്‍ഫാറൂഖിന് നോട്ടീസയക്കുന്നത്. അവാമി ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് ഉമര്‍ ഫാറൂഖ്.

തിങ്കളാഴ്ച എന്‍ഐഎ ആസ്ഥാനത്ത് സ്വമേധയാ ഹാജരാകാനാണ് ഇരുവരോടും എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ഉമര്‍ ഫാറൂഖ് അദ്ദേഹത്തിന്റെ അഭിഭാഷകനെ സമീപിച്ചിട്ടാണ് എന്‍ഐഎ ആസ്ഥാനത്ത് എത്തുകയെന്നാണ് വിവരം.

ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം വിഘടവാദി നേതാക്കളുടെ വീടുകളില്‍ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ജെകെഎല്‍എഫ് ചെയര്‍മാന്‍ യാസീന്‍മാലിക്, ജെകെഡിഎഫ് പ്രസിഡന്റ് ഷാബിര്‍ ഷാ, നസീം ഗിലാനി എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. റെയിഡില്‍ ലെഷ്‌കര്‍ ഇ തൊയ്ബ വിഭാഗത്തിന് ഇവര്‍ സഹായം ചെയ്തതായുള്ള കത്ത് കണ്ടെടുത്തിരുന്നു.

Top