കാനഡയിലുള്ള ഖലിസ്ഥാന്‍ ഭീകരന്റെ പഞ്ചാബിലെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരന്റെ സ്വത്ത് കണ്ടുകെട്ടി എൻഐഎ. ഇന്ത്യ നിരോധിച്ച ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ തലവൻ ലക്‌ബീർ സിങ് എന്ന ‘ലൻഡ’യുടെ പഞ്ചാബിലെ കൃഷിഭൂമിയാണ് കണ്ടുകെട്ടിയത്. ഖലിസ്ഥാൻ കൊടുംഭീകരനായിരുന്ന ഭിന്ദ്രൻവാലയുടെ അനന്തരവനാണ് ലക്‌ബീർ. കേന്ദ്ര സർക്കാർ തലയ്‌ക്ക് 10 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ലക്‌ബീർ സിങ് കാനഡയിലെ ആൽബർട്ടയിലാണുള്ളത്.

പഞ്ചാബിലെ മോഗയിലുള്ള ലക്‌ബീറിന്റെ വസതിയിൽ എൻഐഎയുടെയും പഞ്ചാബ് പൊലീസിന്റെയും സംയുക്ത പരിശോധനകൾക്കുശേഷമായിരുന്നു നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം പ്രത്യേക കോടതിയിൽ നിന്ന് ഉത്തരവു നേടിയായിരുന്നു കണ്ടുകെട്ടൽ. 1.4 ഏക്കർ ഭൂമിയാണ് പിടിച്ചെടുത്തത്. ഇന്ത്യ തിരയുന്ന നിരവധി കേസുകളിലെ പ്രതിയാണ് ലക്‌ബീർ.

2021ൽ‍ പഞ്ചാബ് നാഷനൽ ബാങ്കിലെ പൊട്ടിത്തെറി, ആർഡിഎക്സ് ഉൾപ്പെടെയുള്ള ആയുധക്കടത്ത്, ന്യൂഡൽഹിയിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം, പഞ്ചാബിൽ വർഗീയവിദ്വേഷം പടർത്തിയത് തുടങ്ങി നിരവധികേസുകളിൽ പ്രതിയാണിയാൾ. പാക്കിസ്ഥാനിലെ തീവ്രവാദികളിൽ നിന്ന് തീവ്രവാദ ആക്രമണം ലക്ഷ്യമിട്ട് ആയുധങ്ങള്‍കടത്തിയെന്നും, ലഹരി മരുന്ന് കടത്തൽ, ബോംബ് നിർമാണം എന്നിവയിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2021 മുതൽ 2023 വരെയായി ഇയാളുടെ ഇടപെടലുള്ള ആറു കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.

Top