ക്രൈം ബ്രാഞ്ചില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടി; ആരോപണങ്ങള്‍ക്കെതിരെ തച്ചങ്കരി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ വിവരങ്ങള്‍ തേടി എന്‍ഐഎ. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എന്‍ഐഎ സംഘം ഉദ്യോദസ്ഥരുമായി ആശയവിനിമയം നടത്തി.

വ്യാഴാഴ്ച ഉച്ചയോടെ എറണാകുളത്തെ എന്‍.ഐ.എ. യൂണിറ്റ് എസ്.പി. രാഹുല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബി. അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിനുശേഷം വൈകിട്ട് എന്‍.ഐ.എ. ഡിവൈ.എസ്.പി. വിജയകുമാറും സംഘവും തിരുവനന്തപുരം ജവാഹര്‍ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി സ്ഥിരീകരിച്ചു.

സ്വപ്നയെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ആണ് ആദ്യമായി കേസെടുത്തത്. കേസ് കൃത്യമായി മുന്നോട്ടു നീങ്ങുന്നുണ്ട്. മറ്റാരോപണങ്ങള്‍ അസംബന്ധമാണ്. കേസ് സംബന്ധിച്ച പ്രസക്തമായ വിവരങ്ങള്‍ എന്‍.ഐ.എ. സംഘം ക്രൈം ബ്രാഞ്ചിന് കൈമാറുകയാണുണ്ടായത് എന്നും ക്രൈംബ്രാഞ്ച് മേധാവി കൂട്ടിച്ചേര്‍ത്തു.

Top