പുല്‍വാമ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: പുല്‍വാമ കേസിലെ പ്രതിക്ക് പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഐഎ. കേസ് അന്വേഷിച്ച എന്‍ഐഎ പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത് എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് എന്‍ഐഎയുടെ വിശദീകരണം. മതിയായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്നാണ് എന്‍ഐഎ വിശദീകരണം.

2019 ഫെബ്രുവരി 14 നാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേര്‍ ഭീകരന്‍ ഓടിച്ച് വന്ന കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. 76-ാം ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ജയ്‌ഷെ-ഇ-മുഹമ്മദ് കമാന്റര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് തുടര്‍ന്ന് കണ്ടെത്തി.

Top