ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന

ന്യൂഡൽഹി : ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. പാക്കിസ്ഥാൻ, കാനഡ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

ലോറൻസ് ബിഷ്ണോയ്, അർഷ്ദീപ് ദല്ല തുടങ്ങിയ ഗുണ്ടാ നേതാക്കളുമായി ബന്ധമുള്ള 51 സ്ഥലങ്ങളിലാണ് പരിശോധന. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവടങ്ങളിൽ രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. പഞ്ചാബിൽ മാത്രം 30 സ്ഥലങ്ങളിൽ പരിശോധന നടത്തി.

പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിങ് റിന്ദ, യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുർപട്‍വന്ത് സിങ് പന്നു എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടന്നു. പന്നുവിന്റെ ചണ്ഡിഗഡ്, അമൃത്‌സർ എന്നിവിടങ്ങളിലെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. 2019 മുതൽ പന്നുവിനെതിരെ അന്വേഷണം നടത്തുകയാണ്.

രണ്ട് ദിവസം മുൻപ് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ 1,000 സ്ഥലത്ത് എൻഐഎ തിരച്ചിൽ നടത്തിയിരുന്നു. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഗോൾഡി ബ്രാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന.

Top