ആവര്‍ത്തിച്ച് ശിവശങ്കര്‍; ലൈഫ് മിഷന്‍ കമ്മീഷന്‍ കാര്യം അറിഞ്ഞിട്ടില്ല

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്റെ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കറിന്റെ മൊഴിയിലുണ്ട്. സ്വര്‍ണം പിടിച്ച ശേഷം സ്വപ്ന തന്നെ വിളിച്ചിരുന്നു എന്ന് ശിവശങ്കര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ താന്‍ സ്വപ്നയ്ക്ക് അനുകൂലമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി.

സ്വപ്നയ്ക്ക് ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടെക്കില്‍ നിന്ന് കമ്മീഷന്‍ കിട്ടിയിരുന്നോ ആ കാര്യം അറിഞ്ഞിരുന്നോയെന്നും എന്‍ഐഎ ശിവശങ്കറിനോട് ചോദിച്ചു. പക്ഷേ അതേക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ശിവശങ്കറിന്റെ മൊഴി.

നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ശിവശങ്കര്‍ ഈ മൊഴി നല്‍കിയിരുന്നു. അത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. സ്വപ്നയോടും ഇക്കാര്യം ചോദിച്ചു. സ്വപ്നയും താന്‍ ഈ വിവരം ശിവശങ്കറിനോട് പറഞ്ഞിരുന്നില്ല എന്ന മൊഴിയാണ് നല്‍കിയത്. മാത്രമല്ല ഇരുവരുടെയും വിദേശയാത്രകള്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടാതെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം ആരാഞ്ഞു.

എല്ലാ കൂടിക്കാഴ്ചകളും വ്യക്തിപരമായിരുന്നു എന്ന മുന്‍നിലപാടില്‍ ശിവശങ്കര്‍ ഉറച്ചുനില്‍ക്കുകയാണ്. ശിവശങ്കര്‍ മുന്നോട്ട് യ്‌ക്കെുന്ന കാര്യങ്ങള്‍ ഏറെക്കുറെ സ്വപ്നയും സമ്മതിക്കുന്നുണ്ട്. ശിവശങ്കറിനെ സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴികളാണോ സ്വപ്ന നല്‍കിയത് എന്ന കാര്യം അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.

സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറില്‍ നിന്നായി ഒരു കോടി രൂപയാണ് കണ്ടെടുത്തത്. ഇതില്‍ നേരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞത് ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ചാണ് ലോക്കര്‍ എടുത്ത് നല്‍കിയതും, എന്നാല്‍ അതിലെ തുകയെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മൊഴി. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും ശിവശങ്കറിന്റെയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ട്. അത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ മറ്റ് ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

Top