കളമശേരി ബസ് കത്തിക്കല്‍ കേസ്; വിചാരണ നടപടികള്‍ ആരംഭിച്ചില്ല

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രധാന സാക്ഷികളും പ്രതികളും ഹാജരാകാത്തതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ ആരംഭിട്ടില്ല. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലായിരുന്നു ഇന്ന് വിചാരണ നടപടികള്‍ ആരംഭിക്കേണ്ടിയിരുന്നത്.

പ്രധാന സാക്ഷികള്‍ക്കും പ്രതികള്‍ക്കും എപ്പോഴാണ് ഹാജരാകാന്‍ സാധിക്കുന്നതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം നല്‍കിയിരിക്കുന്നത്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി.

2005 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്നും സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് രാത്രി 9.30യോട് കൂടി പ്രതികള്‍ കടത്തുകയായിരുന്നു. പിന്നീട് യാത്രക്കാരെ ഇറക്കി വിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.

2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ബസ് ഡ്രൈവറുടെയടക്കം എട്ട് പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Top