ദക്ഷിണേന്ത്യയിലെ ജയിലുകളില്‍ എന്‍ഐഎ പരിശോധന

കൊച്ചി: രാജ്യദ്രോഹ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ മൂന്ന് ജയിലുകളില്‍ എന്‍ഐഎ പരിശോധന നടത്തി. തമിഴ്‌നാട്ടിലെ സേലം ജയില്‍, തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയില്‍, ബംഗളൂരു പരപ്പന ജയില്‍ എന്നിവിടങ്ങളിലാണ് എന്‍ഐഎ എത്തിയത്. കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എന്‍ഐഎ പരിശോധനക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലെ ഒന്‍പത് തടവുപുള്ളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു.

ഹെെക്കോടതിയിൽ കസ്റ്റഡിയില്‍ കഴിയുന്ന മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ മൊഴി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഐഎ ദക്ഷിണേന്ത്യയില്‍ അന്വേഷണത്തിനെത്തുന്നത്. ഷാരിഖ് മുനമ്പത്തെ ചില ബോട്ടുകളില്‍ തങ്ങിയതായാണ് വിവരം ലഭിച്ചത്. ബോട്ടുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇതിനായി അന്വേഷണ സംഘം മുനമ്പത്തെത്തി നാല് പേരുടെ മൊഴിയെടുക്കുകയും ചെയ്തു.തൃശൂര്‍ വിയ്യൂര്‍ ജയിലിലെ ചില തടവുപുള്ളികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയേക്കും. കര്‍ണാടക പൊലീസ്, തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സേന, എന്‍ഐഎ കൊച്ചി യൂണിറ്റ്, കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന എന്നിവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.

Top