തിരുവനന്തപുരത്ത് ഭീകരരെ എന്‍ഐഎ പിടികൂടിയത് അതീവരഹസ്യമായി

തിരുവനന്തപുരം: റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത് അതീവരഹസ്യമായി. വൈകീട്ട് ആറേകാലോടെ എത്തിയ ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യംചെയ്തു.

റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതുമുതല്‍ റോ നിരീക്ഷണം ഇവരുടെമേല്‍ ഉണ്ടായിരുന്നു. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്.

കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ പോലും അറസ്റ്റിന്റെ അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്.

2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസിലെ 32-ാം പ്രതിയാണ് ഷുഹൈബ്. 2008 ജൂലായ് 25-നാണ് ബെംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്‌ഫോടന പരമ്പരയുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്.

Top