വ്യാജ ഏറ്റുമുട്ടല്‍: യുപി സര്‍ക്കാരിന് ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

ലക്‌നൗ: വ്യാജ ഏറ്റുമുട്ടലില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ശനിയാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെയാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നത്.

ശനിയാഴ്ച രാത്രിയില്‍ ഒരു കുടുംബ ചടങ്ങ് കഴിഞ്ഞ് വരികയായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ പൊലീസ് തടഞ്ഞു നിറുത്തി വെടിവച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ യു.പി പൊലീസ് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരു എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ നടത്തിയത് വ്യാജ ഏറ്റുമുട്ടലല്ലെന്നാണ് പൊലീസിന്റെ വാദം.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ ഗുരുതര നിരീക്ഷണങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. ജനങ്ങളോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഈ അധികാരം ഉപയോഗിച്ച് സമൂഹത്തില്‍ വിഹരിക്കുകയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

Top