NGT’s diesel vehicle ban may extend to more cities like Kolkata, Mumbai, Bengaluru

ന്യൂഡല്‍ഹി: ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. സംസ്ഥാനങ്ങളിലെ വായു മലനീകരണം കൂടിയ നഗരങ്ങളെ കുറിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ അറസ്റ്റ് വോറന്റ് പുറപ്പെടുവിക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വായു മലനീകരണം കൂടിയ നഗരങ്ങളുടെ കണക്കുകള്‍, ഡീസല്‍ വാഹനങ്ങളുടെ എണ്ണം, ജനസംഖ്യ, മലനീകരണത്തിന്റെ തോത് എന്നിവയെകുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തി. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

10 വര്‍ഷം പഴക്കമുള്ളതും 2000 സി.സിയില്‍ കൂടുതലുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും കേരളത്തിലും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളിലും നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്.

അതേസമയം, ഡല്‍ഹിക്ക് പുറത്തേക്ക് നിരോധം ഏര്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലിനെ സമീപിച്ചു. ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നത് വഴി വലിയ വാഹനങ്ങളുടെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Top