പാരിസ്ഥിതിക പ്രശ്‌നങ്ങള്‍; തമിഴ്‌നാട്ടിലെ ന്യൂട്രിനോ പരീക്ഷണ പദ്ധതി ഇഴയുന്നു. . .

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കാന്‍ പോകുന്ന വലിയ ശാസ്ത്ര പദ്ധതിയാണ് ഐഎന്‍ഒ(ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി). 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുവാദം നല്‍കിയത്. നവംബര്‍ 2ന് പദ്ധതിയുടെ പാസ്ഥിതിക അനുമതി ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളി. പരിസ്ഥിതി മന്ത്രാലയം പദ്ധതി വിശദാംശങ്ങള്‍ പഠിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അതിനാല്‍, പാരിസ്ഥിതിക അനുമതി നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയിലെ പരാമര്‍ശം. എന്നാല്‍, ഹരിത ട്രിബ്യൂണല്‍ ഈ വാദങ്ങളെ തള്ളി.

1500 കോടി രൂപയുടെ പദ്ധതിയാണ് ഐഎന്‍ഒ. തമിഴ്‌നാടിലെ തേനിയില്‍ 50,000 ടണ്‍ ഡിറ്റക്ടറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ന്യൂട്രിനോണുകളുടെ ചലനം, ഗതി, വേഗത, മാറ്റങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിക്കുന്നതാണ് പദ്ധതി. മഹാവിസ്‌ഫോടനത്തെ സംബന്ധിച്ച പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തുന്നത്.

2011 ജൂണിലാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ 2017 മാര്‍ച്ചില്‍ പുതിയ അനുമതിയ്ക്കായി അപേക്ഷിക്കണമെന്ന് അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ എന്‍ജിഒയുടെ തലവനായ ജി. സുന്ദര്‍ രാജന്‍ പദ്ധതിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. മതികെട്ടാന്‍ ഷോല ദേശീയ ഉദ്യാനത്തിന്റെ 5 കിലോമീറ്റര്‍ അടുത്താണ് പദ്ധതി വരുന്നതെന്നും അത് പരിസ്ഥിതിയ്ക്ക് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം വാദിക്കുന്നു. അതിനാല്‍, ദേശീയ വന്യജീവി സംരക്ഷണ വകുപ്പിന്റെ അനുമതി കൂടി വേണമെന്ന് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതി പ്രദേശത്തിന്റെ ചുറ്റുമുള്ള പാറശേഖരത്തെക്കുറിച്ചും ജലവിതാനങ്ങളെക്കുറിച്ചും വലിയ ആശങ്കകളാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടു വയ്ക്കുന്നത്. ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ എന്തു ചെയ്യുമെന്ന് ധാരണയില്ലെന്നും ഇത്തരം മാലിന്യങ്ങള്‍ ജീവനു തന്നെ ഭീഷണിയാണെന്നും അവര്‍ പറയുന്നു. എന്നാല്‍, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പദ്ധതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, സുന്ദരരാജന് വൈകോയുടെ പിന്തുണ ഇക്കാര്യത്തിലുണ്ട്.

2017 നവംബറില്‍ പദ്ധതി അധികൃതര്‍ തമിഴ്‌നാട് പരിസ്ഥിതി ആഘാത പഠന അതോരിറ്റിയെ സമീപിച്ചിരുന്നു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തടസ്സമില്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

2018 മാര്‍ച്ചിലാണ് മന്ത്രാലയം പരിണിത ഫലങ്ങള്‍ ഇല്ലെന്ന തരത്തിലുള്ള അംഗീകാരം വനല്‍കിയത്. എന്നാല്‍, ഈ നടപടികള്‍ ശരിയല്ലെന്ന് ആക്ടിവിസ്റ്റുകള്‍ വാദിക്കുന്നു. നിലവില്‍ വന്യജീവി സംരക്ഷണ വകുപ്പിന്റെ അംഗീകാരം കൂടിയാണ് പദ്ധതിയ്ക്ക് ലഭിക്കാനുള്ളത്. അതോടൊപ്പം തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അന്തിമ അംഗീകാരം ആവശ്യമാണ്.

ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് ആണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.

Top