മദ്യശാലകള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണ്ട; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ ഇനി തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല. മദ്യശാലകള്‍ ആരംഭിക്കാന്‍ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെച്ചു.

പഞ്ചായത്തീരാജ് നിയമത്തിലെ 232, 437 വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. എല്‍ഡിഎഫിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഓര്‍ഡിനന്‍സ്.

മെയ് 31 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍ ഇന്ന് ഗവര്‍ണറെ കാണാനിരിക്കെയാണ് ഒപ്പിട്ടത്.

മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബിവ്‌റിജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പഞ്ചായത്തുകളുടെ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top