ആവേശത്തോടെ സൂര്യ ആരാധകര്‍ ;എന്‍ജികെ മെയ് 31ന്‌ തിയറ്ററുകളില്‍

തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 31ന്‌ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.

നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ‘എന്‍ ജി കെ’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ജഗപതി ബാബു, സമ്പത്ത് രാജ്, മന്‍സൂര്‍ അലിഖാന്‍, ബാല സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Top