ആത്മഹത്യ കുറിപ്പ്; വന്‍ ദുരൂഹത, ആര് എഴുതിയത് ?

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹത മാറുന്നില്ല. മരിച്ച ലേഖയുടെ പേരില്‍ എഴുതിയ ആത്മഹത്യകുറിപ്പിനെ ചുറ്റിപ്പറ്റിയാണിപ്പോള്‍ ദുരൂഹത നിറയുന്നത്.

ലേഖയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ അതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയതിട്ടുണ്ട്. എങ്കിലും ഇന്നലെ സംഭവമുണ്ടായശേഷം ബന്ധുക്കളും അയല്‍ക്കാരും പൊലീസുമുള്‍പ്പെടെ നിരവധിപേര്‍ ഇവിടെ എത്തിയിട്ടും ആത്മഹത്യാക്കുറിപ്പ് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസിനും കഴിഞ്ഞിട്ടില്ല. ഈ കത്ത് രേഖ തന്നെയാണോ എഴുതിയത് എന്നു സ്ഥിരീകരിക്കാന്‍ കൈയക്ഷര പരിശോധനയിലൂടെയേ കഴിയൂ.

രേഖയും മകളും ആത്മഹത്യചെയ്ത മുറിക്കുള്ളിലെ ചുവരില്‍ പതിച്ച നിലയിലാണ് ഇന്ന് രാവിലെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ രുദ്രന്‍, ഇയാളുടെ മാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത , ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ‘എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നാണ്’ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ലോണ്‍ കുടിശികയാകുകയും ജപ്തി നടപടി നേരിട്ടിട്ടും ചന്ദ്രന്‍ ഒന്നും ചെയ്തില്ല. ചന്ദ്രനില്‍ നിന്നും അയാളുടെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കാലങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനവും പീഡനങ്ങളും നേരിട്ടുവരികയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഇന്നലെ ആത്മഹത്യാവിവരം പുറത്തായത് മുതല്‍ ചന്ദ്രനും അയാളുടെ അമ്മയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയാണ് കാരണമെന്നാണ് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബാങ്കില്‍ നിന്ന് ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളികളുണ്ടായതായും ഇന്നലെ മകള്‍ ജീവനൊടുക്കിയശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായുമാണ് ചന്ദ്രന്‍ അല്‍പ്പം മുമ്പുവരെ പറഞ്ഞിരുന്നത്. തുടക്കം മുതല്‍ ബാങ്കിനെതിരെ ഒരേ സ്വരത്തില്‍ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നതിനാല്‍ പൊലീസിനും മറ്റ് സംശയങ്ങള്‍ തോന്നിയിരുന്നില്ല.

അതേസമയം ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന നിലയിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ പ്രദേശത്ത് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ബാങ്കിനെതിരെ നടന്നുവന്ന പ്രതിഷേധ പരിപാടികള്‍ അല്‍പ്പം തണുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ രുദ്രന്റെ ഭാര്യ ലേഖ (41), മകള്‍ വൈഷ്ണവി (19) എന്നിവര്‍ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. അഞ്ച് ലക്ഷം രൂപ ഭവനവായ്പയെടുത്ത് എട്ട് ലക്ഷം തിരിച്ചടച്ചിട്ടും 6.8 ലക്ഷം കൂടി അടയ്ക്കണമെന്ന ബാങ്കുകാരുടെ നിരന്തര സമ്മര്‍ദ്ദവും ജപ്തി നോട്ടീസും താങ്ങാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

Top