അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; വെറുതെ കുറ്റപ്പെടുത്തിയെന്ന് ബാങ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍, വെറുതെ കുറ്റപ്പെടുത്തിയെന്ന് കാനറ ബാങ്ക്. ചന്ദ്രന്റെ കുടുംബത്തെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

അതേസമയം, നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നുമാണ് പ്രതികള്‍ പറയുന്നത്. ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്.

ആത്മഹത്യയ്ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്നായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, ആത്മഹത്യയ്ക്കു കാരണം ജപ്തി ഭീഷണി ആയിരുന്നെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നതായും മകള്‍ വൈഷ്ണവിയെ കൊണ്ടും ബാങ്ക് അധികൃതര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്നും ഗൃഹനാഥന്‍ ചന്ദ്രന്‍ രുദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഗൃഹനാഥന്റെ ആരോപണം ബാങ്ക് അധികൃതര്‍ തള്ളിയിരുന്നു. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി തല്‍ക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു.

Top