വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും വഴിത്തിരിവ്. വിവാദമായ മൂന്നു സെന്റ് ഭൂമി അയല്‍വാസി വസന്ത വില കൊടുത്ത് വാങ്ങിയെന്നായിരുന്നു നെയ്യാറ്റിന്‍കര തഹസില്‍ദാറുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷം വീട് പദ്ധതിക്കായി അനുവദിച്ച ഭൂമി വസന്ത വാങ്ങിയതില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കലക്ടര്‍ നിയോഗിച്ച ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിശദമായ അന്വേഷണം നടത്തിയത്. ലക്ഷംവീട് പദ്ധതിക്കായി അതിയന്നൂര്‍ പഞ്ചായത്ത് വാങ്ങിയ ഭൂമിയില്‍ മൂന്ന് സെന്റ് സുകുമാരന്‍ നായര്‍ എന്ന വ്യക്തിക്ക് ആദ്യം പട്ടയം അനുവദിച്ചു. 1989ലാണ് പട്ടയം അനുവദിക്കുന്നത്.

ലക്ഷം വീടിന് അനുവദിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് 1997ല്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. ഭൂമിക്ക് അവകാശികളില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഈ ഉത്തരവ് നിലനില്‍ക്കുന്നതിനിടെ സുകുമാരന്‍ നായര്‍ മരിച്ച് ഒരു മാസത്തിനുള്ളില്‍ സുകുമാരന്‍നായരുടെ അമ്മ വനജാക്ഷി 2001ല്‍ ഈ ഭൂമി സുഗന്ധിക്ക് വിറ്റു.

സുകുമാരന്‍നായരുടെ ഭാര്യയും മകളും ജീവിച്ചിരിക്കെയാണ് അമ്മ ഭൂമി വില്‍ക്കുന്നത്. 2006ലാണ് സുഗന്ധിയില്‍ നിന്നും ഈ ഭൂമി വസന്ത വാങ്ങുന്നത്. അപ്പോഴും വില്‍പ്പന പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നു. ഇതുകൂടാതെ വസന്ത അതിയന്നൂര്‍ വില്ലേജ് ഓഫീസില്‍ കരംതീര്‍ത്തതിലും അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നു. പട്ടയം ലഭിച്ച സുകുമാരന്‍നായരുടെ ഭാര്യ ഉഷ കോടതിയില്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നല്‍കിയെന്നാണ് അതിയന്നൂര്‍ വില്ലേജിലെ രേഖകളിലുള്ളത്.

എന്നാല്‍ കേസ് നല്‍കിയിട്ടില്ലെന്നാണ് റവന്യൂ അന്വേഷണ സംഘത്തിന് ഉഷ ഇപ്പോള്‍ നല്‍കിയ മൊഴി. ഇതു സംബന്ധിച്ച് വിശദമായ പൊലീസ് അന്വേഷണവും കളക്ടര്‍ ശുപാര്‍ശ ചെയ്തു.

Top