അമ്മയുടേയും മകളുടേയും ആത്മഹത്യ : മരണ ശേഷവും ബാങ്കില്‍ നിന്ന് വിളിച്ചിരുന്നുവെന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നതായി വൈഷണവിയുടെ അച്ഛന്‍ ചന്ദ്രന്‍ രുദ്രന്‍. ഇന്നലെ വൈകിട്ടും പലതവണ വിളിച്ചിരുന്നുവെന്ന് ചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി തല്‍ക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന്‍ ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കളക്ടര്‍ നല്‍കിയത്. രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

അതേസമയം ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിന്‍കരയിലും മാരായിമുട്ടത്തും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

Top