ഷാരോണ്‍ വധക്കേസ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും; ഒന്നാം പ്രതി ഗ്രീഷ്മ ഹാജരാകും

തിരുവനന്തപുരം: കാമുകനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ കേസില്‍ ഇന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നുവിചാരണ നടപടികളുമായി പൂര്‍ണമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് ഗ്രീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതി ഉള്‍പ്പെടെ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മ ജയില്‍ മോചിതയായത്. 11 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് മോചനം ലഭിച്ചത്. 2022 സെപ്റ്റംബര്‍ 14 ന് തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഗ്രീഷ്മ ഷാരോണിന് വിഷം കഷായത്തില്‍ കലക്കി നല്‍കുകയായിരുന്നു. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷാരോണ്‍ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസില്‍ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുന്‍ കാമുകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാതെ വന്നപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളോജില്‍ റേഡിയോളജി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോണ്‍.

Top