സനലിന്റെ ഭാര്യ വിജിയെ ശകാരിച്ചിട്ടില്ല; വിശദീകരണവുമായി എംഎം മണി

തിരുവനന്തപുരം: സനലിന്റെ ഭാര്യ വിജിയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. വിജി പാവം സ്ത്രീയെന്നും വേദനിപ്പിക്കുക തന്റെ രീതിയല്ലെന്നും അവര്‍ വിളിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മണി പറഞ്ഞു.

ആരെങ്കിലും പറഞ്ഞിട്ടാണോ സത്യാഗ്രഹം ഇരുന്നതെന്ന് ചോദിച്ചെന്നും അവരുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

മന്ത്രി എംഎം മണി തന്നെ ശകാരിച്ചെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. എംഎം മണി ഫോണില്‍ വിളിച്ചാണ് തന്നെ ശകാരിച്ചതെന്നും സെക്രട്ടറിയേറ്റിന് മുമ്പിലെ സമരത്തിന്റെ ഭാഗമായി വിളിച്ചപ്പോഴായിരുന്നു ശകാരിച്ചതെന്നുമാണ് വിജി പറഞ്ഞത്.

തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞെന്നും വിജി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും വ്യക്തമാക്കി സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. വിജിക്കൊപ്പം രണ്ടു മക്കളും സനലിന്റെ മാതാവുമാണ് സമരം നടത്തിയത്.

സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നും ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Top