നീതി തേടി കുടുംബം; സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി ഉപവാസ സമരമിരിക്കും

sanal

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി ഉപവാസ സമരമിരിക്കാന്‍ ഒരുങ്ങുന്നു. നാളെയാണ് വിജി ഉപവാസ സമരമിരിക്കുക.

വാക്കുതര്‍ക്കത്തിനിടെ വാഹനത്തിന്റെ മുമ്പിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാറാണ് സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കല്ലറയിലെ കുടുംബ വീട്ടിലാണ് കാര്‍ ഉള്ളത്. കല്ലമ്പലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലത്ത് കാര്‍ ഉപേക്ഷിച്ചാണ് ഹരികുമാര്‍ കടന്നു കളഞ്ഞത്.

അതേസമയം, നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ രണ്ടാമത്തെയാളെയും പൊലീസ് പിടികൂടിയിരുന്നു.ഹരികുമാറിനൊപ്പം രക്ഷപെട്ട ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഹരികുമാറിന് രക്ഷപെടാന്‍ കാര്‍ എത്തിച്ച് നല്‍കിയത് അനൂപാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായിട്ടുണ്ട്.

ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റൊരാളും പിടിയിലായിരുന്നു. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സന്തോഷായിരുന്നു പിടിയിലായിരുന്നത്. ഡിവൈഎസ്പിയ്ക്ക് സന്തോഷ് രണ്ട് സിം കാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍ രണ്ട് സിം കാര്‍ഡുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

Top