ഇനി ട്രോളണ്ട ; വീഴേണ്ടത് എങ്ങനെയെന്ന് നെയ്മര്‍ പഠിപ്പിക്കും

neymar

ബ്രസീലിയ : ലോകകപ്പില്‍ ഗ്രൗണ്ടിലെ വീഴ്ച്ചയുടെ പേരില്‍ ഏറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയ താരമാണ് നെയ്മര്‍. റഷ്യന്‍ ലോകകപ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നെയ്മറുടെ വീഴ്ച അക്കൂട്ടത്തില്‍ ഇടംപിടിക്കുമെന്ന് ഉറപ്പ്.

എതിരാളികള്‍ ഒന്നുതൊടുമ്പോഴേക്കും ഗ്രൗണ്ടില്‍ വീഴുന്ന നെയ്മറിന് ലോകകപ്പ് കിട്ടിയില്ലെങ്കിലും ഓസ്‌കാര്‍ കിട്ടും എന്നതുവരെയെത്തി ട്രോളുകള്‍. ഇപ്പോഴിതാ തന്റെ വീഴ്ചയെ തന്നെ പരിഹസിച്ച് നെയ്മര്‍ എത്തിയിരിക്കുകയാണ്. തന്നെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ വീഴ്ചകളുടേതിന് സമാനമായ വീഡിയോ ഷെയര്‍ ചെയ്യുകയാണ് താരം.

എങ്ങിനെ വീഴാമെന്ന് നെയ്മര്‍ കുട്ടികളെ പഠിപ്പിക്കുന്നതാണ് ഈ സെല്‍ഫി വീഡിയോയിലുള്ളത്. വ്യാഴാഴ്ച്ച ഇന്‍സ്റ്റഗ്രാമില്‍ #ChallengeDAFALTA എന്ന ഹാഷ്ടാഗോടെയാണ് ബ്രസീല്‍ താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പോര്‍ച്ചുഗീസ് ഭാഷയില്‍ ഫ്രീ കിക്ക് ചലഞ്ചിനാണ് ഇങ്ങിനെ പറയുക.

ഒരു പാര്‍ക്കിങ് ഏരിയയില്‍ നിന്നെടുത്ത വീഡിയോയില്‍ നെയ്മറിന് ചുറ്റും കൂടി നില്‍ക്കുന്ന കുട്ടികളെ കാണാം. ഈ കുട്ടികളോട് നെയ്മര്‍ ‘1,2,3 ഗോ’ എന്നു പറയുമ്പോള്‍ കുട്ടികള്‍ ഗ്രൗണ്ടിലേക്ക് വീഴുന്നു. ശേഷം ചിരിയോടെ ‘ അതൊരു ഫ്രീ കിക്കാണെ’ന്നും നെയ്മര്‍ വിളിച്ചുപറയുന്നു.

ലോകകപ്പിലെ തന്റെ വീഴ്ചകള്‍ക്ക് നേരെയുള്ള പരിഹാസങ്ങള്‍ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് നെയ്മര്‍ പറയുന്നുണ്ട്.

Top